പ്രണയം

ഓര്‍മകളിലേക്ക്
ദൂരം ഏഴുകടല്‍

വാക്കുകള്‍
തിരികെപ്പറക്കാത്ത
ദേശാടനക്കിളികള്‍

വാനില്‍
വിഷസര്‍പ്പങ്ങള്‍
അപഹരിച്ച
മംഗല്യ രാശികള്‍

എന്നിട്ടും
വഴിയില്‍
മറക്കല്ലേ എന്ന് ചിരിക്കുന്ന
പൂ‍ക്കള്‍ക്കെന്തേ
നിന്റെ
നിറവും സുഗന്ധവും ?

Published in: on ഓഗസ്റ്റ് 20, 2007 at 5:36 pm  അഭിപ്രായങ്ങള്‍ (10)  

കടല്‍കാക്കകള്‍

സൂര്യനുനേരേ പറക്കുന്ന
കടല്‍കാക്കകളുടെ
ചിറകുകളിലാണ്‌
ദിനരാത്രങ്ങള്‍ സഞ്ചരിക്കുന്നത്‌

ഇരുളില്‍,
ഉഷ്ണക്കാറ്റ്‌ വീശുമ്പോള്‍
കൂടണഞ്ഞവര്‍
ഉണര്‍ന്ന്
നിലവിളിക്കാറുണ്ട്‌.

എന്നോ,
തിരച്ചുണ്ടില്‍നിന്ന് കവര്‍ന്നെടുത്ത
പരല്‍ക്കണ്ണിന്റെ തിളക്കം
സ്വപ്നം കണ്ട്‌
വീണ്ടും ഉറങ്ങാറുണ്ട്‌.

തിരകള്‍
കയ്യാട്ടിവിളിക്കുമ്പോഴും,
ഉള്ളിലെ വെളിച്ചം കാട്ടി
വിസ്മയിപ്പിക്കുമ്പോഴും,
ചിറകുകള്‍
ഇല്ലാതിരുന്നെങ്കില്‍ എന്ന്
മോഹിക്കാറുണ്ട്‌.

കാറ്റില്‍,
ചിറകിലെ ഭാരമൊഴിയുമ്പോള്‍
തീരങ്ങള്‍
ഇല്ലാതിരുന്നെങ്കില്‍ എന്നും.

Published in: on ഓഗസ്റ്റ് 2, 2007 at 9:45 pm  അഭിപ്രായങ്ങള്‍ (11)  
Follow

Get every new post delivered to your Inbox.